ട്രിയുണ്ടിലെ ആ രാത്രി;

ഒരു അവധി ദിവസം ഞാനും, ഷെബിയും(ഷെബീർ), ജാസിയും(ജാസിർ) ആൽബിനും അടങ്ങുന്ന നാലംഗസംഘം വീട്ടിലേക്ക് പോവാതെ കോഴിക്കോട്ടെ ഞങ്ങളുടെ റൂമിൽ ഇരുന്ന് ചർച്ച തുടങ്ങി. ഞാനും ഷെബിയും ജാസിയും വയനാട്ടിൽ നിന്നും  ആൽബി കോഴിക്കോട്ട് നിന്നുമുള്ളവരാണ്.

 ഞങ്ങളുടെ ഒരുപാട് കാലമായുള്ള സ്വപ്നമായുരുന്നു ഹിമാലയത്തിൽ ട്രക്കിംഗ് ചെയ്ത് അവിടെ ക്യാമ്പ് ചെയ്യുക എന്നത്. ഉത്തരാഖണ്ഡ്, കാശ്മീർ, നോർത്തീസ്റ്റ്, ഹിമാചൽപ്രദേശ് അങ്ങനെ തുടങ്ങി ഇന്ത്യയിലെ ഹിമാലയൻ പർവത നിരകൾ സ്ഥിതിചെയ്യുന്ന ഒരുപാട് സ്ഥലങ്ങൾ ഞങ്ങൾ പലപല ട്രാവൽ ബ്ലോഗുകൾ, ഫേസ്ബുക്, ഗൂഗ്ൾ വഴി ഒരുപാട് തിരഞ്ഞു.

പല സഞ്ചാരി സുഹൃത്തുക്കളോടും അഭിപ്രായങ്ങൾ ചോദിച്ചു. ഒടുവിൽ ഞങ്ങൾ അത് ഉറപ്പിച്ചു “ട്രിയുണ്ട് ട്രെക്കിംഗ്”.

ആകാശഗംഗപോലെ ഒരു ഹിമാലയ ഹരിതഗംഗ. അതാണ് ട്രിയുണ്ട്. സമുദ്രനിരപ്പിൽ നിന്നും 9350 അടി ഏതാണ്ട് 3 കി.മി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭൂപ്രദേശം. സാഹസികമായതും എന്നാൽ വലിയ അപകടങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാത്തതും ക്യാമ്പ് ചെയ്യാൻ പറ്റിയതുമായ സ്ഥലം. പ്രത്യേകിച്ച് ഞങ്ങളെ പോലുള്ള തുടക്കക്കാർക്ക്.

അന്നുതന്നെ യാത്രക്കുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. യാത്രക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ തുടങ്ങി. ഒരുപാട് ദൂരം ട്രക്ക് ചെയ്യാനുണ്ട്. നല്ല ഷൂ വേണം, അതും ട്രക്കിംഗ് ഷൂ തന്നെ വേണം. അതുപോലെ തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റ്, ഗ്ലൗസ്, സ്ലീപ്പിങ്ങ് ബാഗ്, ടെന്റ് അങ്ങനെ തുടങ്ങി ഒരുപാട് ഉണ്ട് ലിസ്റ്റിൽ. ഇങ്ങനെയുള്ള ആദ്യത്തെ യാത്രയായതിനാൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല കയ്യിൽ. നേരെ കോഴിക്കോട്ടെ  ഡീകാത്തിലോനിൽ പോയി ടെന്റ് ഒഴികെ ആവശ്യമായ എല്ലാ സാധനങ്ങളും വാങ്ങി. നാലു പേർക്ക് കിടക്കാൻ പറ്റിയ ഒരു ടെന്റ് ആമസോണിൽ ബുക്ക് ചെയ്യുകയും ചെയ്തു.

ട്രിയുണ്ട് ട്രെക്കിംഗ്

അങ്ങനെ  ഒക്ടോബർ 6 ന് ഉച്ചക്ക് 3 മണിക്ക് ഞങ്ങൾ കോഴിക്കോട്ട് നിന്നും ഡൽഹിയിലേക്ക് ട്രയിൻ കയറി. പുറപ്പെട്ട് ഒരു 10 മിനിറ്റ് പിന്നിട്ടപ്പോൾ എനിക്കൊരു ഫോൺ കോൾ,

സർ,”ആമസോണിന്റെ  ഒരു കൊറിയർ ഉണ്ടായിരുന്നു”

“ഹ ഹ നമ്മുടെ ടെന്റ് വന്നല്ലോ..”

ഫോൺ ചെവിയിൽ നിന്നും മാറ്റിവെച്ചുകൊണ്ട് കൂട്ടുകാരോട് ചിരിച്ചുകൊണ്ട് പറഞ്ഞു.

ഓർഡർ ചെയ്ത് 6 മുതൽ 8 ദിവസം വരെയായിരുന്നു ഡെലിവറിക്ക് വേണ്ടി അവർ പറഞ്ഞ കാലയളവ്. 10 ദിവസങ്ങളായിട്ടും ഞങ്ങൾക്ക് അത് കിട്ടിയിരുന്നില്ല.

“സർ…..?”

ഞാൻ ഫോൺ ചെവിയോട് ചേർത്തു,

ഞങ്ങൾക്കിനി അത് ആവശ്യമില്ല..

റിട്ടേൺ ചെയ്തോളൂ..!!

രണ്ടുദിവസത്തെ നീണ്ടയാത്രക്കുശേഷം ഞങ്ങൾ ഡൽഹിയിൽ എത്തി.

ഡൽഹിയിൽ നിന്നും ദർമശാലയിലേക്ക് 500 കിലോമീറ്റർ ദൂരമുണ്ട്. നേരിട്ട്  ബസ്സ് സർവീസ് ഉണ്ട്. പത്താൻകോട്ടിലേക്ക് ട്രെയിൻ കയറി അവിടെ നിന്നും ബസ്സ് കയറുന്നതായിരിക്കും എളുപ്പം എന്നതാണ് ഞങ്ങൾക്ക് തോന്നിയത്. അതുകൊണ്ടുതന്നെ ഞങ്ങൾ ആ വഴി സ്വീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തെ യാത്രയിൽ തീരെ ഉറങ്ങാൻ കഴിയാത്തതിന്റെ ക്ഷീണം കൊണ്ടായിരിക്കാം ഡൽഹിയിൽ നിന്നും ട്രെയിൻ കയറിയ ഉടനെ ഉറങ്ങിപ്പോയി. ട്രെയിൻ രാവിലെ 6 മണിക്ക് പത്താൻകോട്ട് എത്തും, ഒരു 7 മണിക്ക് ബസ്സ് കയറിയാൽ ചുരുങ്ങിയത്‌ മൂന്നോ നാലോ മണിക്കൂറിനുള്ളിൽ ധർമശാല എത്താം. നേരത്തെ തന്നെ സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് ബുക് ചെയ്തതിനാൽ നന്നായി ഉറങ്ങാൻ പറ്റി.

 ‘ടാ… ചായ വേണോ, ചായ…?’ 

ആൽബിൻ എന്നെ തട്ടി വിളിച്ചു.

 ‘ഹാ വേണം, എത്തറായോ? 

 സമയം എന്തായി?’ 

എന്റെ ചോദ്യങ്ങൾ കേട്ട് അവൻ പുച്ഛതോടെയുള്ള ഒരു ചിരി.

 ഞാൻ മുകളിലെ തട്ടിൽനിന്നും ചാടിയിറങ്ങി പുറത്തു നോക്കി. പരന്നു കിടക്കുന്ന മഞ്ഞക്കടലിലൂടെ സൂര്യൻ ഉദിച്ചുയരുന്നു, കുരുവികൂട്ടങ്ങൾ ആ മഞ്ഞ ഗോതമ്പ് പാടത്തിനുമുകളിലൂടെ ഉല്ലസിക്കുന്നു. ജനാലയുടെ ഉള്ളിലേക്ക് വരുന്ന കാറ്റിനു പ്രത്യേകമായ ഒരു സുഗന്ധം. സമയം 7 കഴിഞ്ഞു, പത്താൻകോട്ട് എത്തിയില്ല.

 റെയിൽ ട്രാക്കിലെ അറ്റകുറ്റപണി നടക്കുന്നതിന്നാൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. പത്താൻകോട്ടിൽ എത്തിയത് ഉച്ചക്ക് 2 മണിക്കാണ്. 

നല്ല വിശപ്പ്, എന്തെങ്കിലും കഴിക്കണം. പത്താൻകോട്ട് സ്റ്റേഷന് വെളിയിൽ ഇറങ്ങി. എങ്ങും നിശബ്ദത. എവിടെ നോക്കിയാലും പട്ടാളക്കാർ. റോഡിൽ പട്ടാളക്കാരുടെ വാഹനങ്ങളാണ് കൂടുതലും. കണ്ടോണ്മെന്റ് സ്റ്റേഷൻ ആയതിനാലും ഹിമാചൽപ്രദേശ്, ജമ്മുകശ്മീരിൽ, പഞ്ചാബ്, പാകിസ്ഥാൻ എന്നിവ അതിർത്തി പങ്കിടുന്നതിനാലും ഇവിടെ ഇങ്ങനെയാണ്.  ഇടതുവശത് ഒരു ദാബാ കണ്ടു, നേരെ അങ്ങോട്ട് കേറി. റൊട്ടിയും പഞ്ചാബി സ്‌പെഷ്യൽ കറികളും, കൂടെ മുള്ളങ്കി, കക്കിരി ചെറുതായി കട്ട് ചെയ്തത്. നാലുപേരും വയറുനിറയെ കഴിച്ചു. 

ട്രിയുണ്ട് ട്രെക്കിംഗ്

തൃപ്തിപ്പെടുത്തുന്ന നല്ല രുചികരമായ ഭക്ഷണം. ബില്ല് ചോദിച്ചു, ‘സൗ ബീസ്’ കടക്കാരൻ ഹിന്ദിയിൽ 120 എന്ന് പറഞ്ഞു. ആശ്ചര്യത്തോടെ വീണ്ടും ഞാൻ അയാളോട് ‘ഹം ചാർ കാ ഏകി ബിൽ ബസ് ഹേ, ചാർകാ കിത്നാ ഹേ?’ ഇളം പുഞ്ചിരിയോടെ അയാൾ വീണ്ടും 120 എന്ന് പറഞ്ഞു. ബില്ലും അയാൾക്കുള്ള ടിപ്പും കൊടുത്ത് ഞങ്ങൾ ബസ്റ്റാന്റിലേക്ക് ലക്ഷ്യം വെച്ച് നീങ്ങി. ദർമശാലക്ക് ബസ് കയറി. നേരം ഇരുട്ടിയപ്പോഴാണ് ദർമശാല എത്തിയത്. കൊടും തണുപ്പ്. കാൽ മുട്ടുകൾ വിറക്കാൻ തുടങ്ങി. പെട്ടെന്നുതന്നെ ഓയോ റൂംസ് വഴി ഹോട്ടൽ ബുക് ചെയ്തു. ധർമശാലയിൽ നിന്നും 5 കിലോമീറ്റർ പിന്നിട്ട് മക്ലോഡ്‌ഗഞ്ചിലെ ഗുള്ളു ടെമ്പിൾ എത്തിയിട്ടുവേണം ട്രക്കിംഗ് തുടങ്ങാൻ. പിറ്റേന്ന് രാവിലെ ട്രക്കിംഗ് തുടങ്ങാം എന്നാണ് ഞങ്ങളുടെ പ്ലാൻ. ഭാഗ്യവശാൽ മക്ലോഡ്ഗഞ്ചിൽ തന്നെ ഞങ്ങൾക്ക് റൂം കിട്ടി. ഒരു ടാക്സ‌ി വിളിച്ച് ഹോട്ടലിലേക്ക് പോയി.

 ടൂറിസമാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗം.  ഹിമാചൽ പ്രദേശിലെ കൻഗ്ര ജില്ലയിലെ ഈ പ്രദേശം ടിബറ്റുകാരുടെ വലിയ പോപ്പുലേഷൻ ഉള്ളതിനാൽ “ലിറ്റിൽ ലാസ” അഥവാ “ധാഷ” (ടിബറ്റൻ ഉപയോഗിച്ചിരുന്ന ധർമശാലയുടെ ഒരു ചെറിയ രൂപം) എന്നാണ് ഇത് അറിയപ്പെടുന്നത്. ടിബറ്റൻ ഗവൺമെൻറ് ആസ്ഥാനമായി ഇവിടെ പ്രവർത്തിക്കുന്നു. 1959ൽ തെൻസിൻ ഗ്യാടോ (പതിനാലാമത് ദലൈ ലാമ) ചൈനയിലെ തിബത്തിഗൈൻസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പരാജയപ്പെട്ടതിനു ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തു. ധർമ്മശാലയിൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് അഭയം നൽകി. 1960 ൽ അദ്ദേഹം തിബറ്റൻ സർക്കാർ രൂപവത്കരിച്ചു. മക്ലിയോഡ് ഗഞ്ച് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായി. നിരവധി ബുദ്ധമത സന്യാസിമാരും ആയിരക്കണക്കിന് തിബത്തൻ അഭയാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. അങ്ങനെ മക്ലോഡ്ഗഞ്ച് ഒരു പ്രധാനപ്പെട്ട ടിബറ്റൻ തീർഥാടന കേന്ദ്രമായി. 

ഹോട്ടലിൽ നിന്നും കുളിച്ച് ഫ്രഷ്  ആയി റെസ്റ്റെടുത്തു. പിറ്റേദിവസം രാവിലെ എണീറ്റപ്പോഴാണ് മക്ലോഡ്ഗഞ്ചിന്റെ സൗന്ദര്യം മനസ്സിലായത്. തീർത്തും പച്ചപ്പായ മലയിൽ പടുത്തുയർത്തിയ  വേനല്കാലത്തും ചൂട് എന്തെന്ന് അറിയാത്ത ചെറിയ ഒരു പട്ടണം.

ഹോട്ടലിൽ നിന്നും ബ്രേക്ഫാസ്റ്റ് കഴിച്ച് ബാഗ് പാക്ക് ചെയ്ത് ഞങ്ങൾ ഞങ്ങൾ ട്രെക്കിംഗിന് ഇറങ്ങി. ഇപ്പോഴുള്ള സ്ഥലത്തുനിന്നും  ട്രെക്കിംഗ് തുടങ്ങുന്ന ഗുള്ളു ടെമ്പിൾ (ധരംകോട്ട്) ലെത്താൻ  റോഡുമാർഗം 2.5 കിലോമീറ്റർ ഉണ്ട്. എല്ലാരും ടാക്സി വിളിച്ചാണ്‌ അവിടേക്ക് പോവാറുള്ളത്. 

 നടക്കുകയാണേൽ ഷോട്ട്കട്ടിലൂടെ രണ്ടുകിലോമീറ്റർ ചുവടെയെ ആവുകയുള്ളു. ടിബറ്റൻ ജനതയുടെ ഗ്രാമങ്ങളിലൂടെ

ഞങ്ങൾ നടന്നു. കുന്നിൻ ചെറിവുകളിൽ ചെറിയ ചെറിയ വീടുകൾ. ചിലയിടത്ത് കുതിരകളും കഴുതകളും മേഞ്ഞു നടക്കുന്നു, നടക്കാൻ മാത്രം പറ്റുന്ന കുത്തനെയുള്ള വഴിയിൽ പാറച്ചീളുകൾ വിതറിയിരിക്കുന്നു. ഇടക്ക് വഴി നേരെ ഏതെങ്കിലും ഒരു വീട്ടിലായിരിക്കും എത്തുന്നത്, ആ വീട്ടിന്റെ പിൻവശത്തുകൂടെയായിരിക്കും പിന്നീട് വഴിയുണ്ടാവുക. രാവിലെ 8 മണിക്ക് നടക്കാനിറങ്ങിയ ഞങ്ങൾ ധരംകൊട്ടിലെത്തിയത് 10 മണിക്കാണ്. ചൂട് ഒട്ടുംതന്നെ ഇല്ലാത്തത്‌ കൊണ്ടാവാം, വലിയ കയറ്റങ്ങൾ നല്ല കനമുള്ള ബാഗും ചുമന്ന് കയറിയിട്ടും കാര്യമായ തളർച്ച അനുഭവപ്പെടാത്തത്. ഒരു പക്ഷെ ഹിമാലയം എന്ന സ്വപ്നത്തോടുള്ള ആകാംഷയായിരിക്കാം. ധരംകൊട്ടിൽ നിന്നും ചെക്ക് പോസ്റ്റിൽ രജിസ്റ്റർ ചെയ്ത് ഞങ്ങൾ വീണ്ടും നടന്നു. 

അവിടെ നിന്നും ട്രിയുണ്ടിലേക്കും ഒറ്റയടിപ്പാതകള്‍ മാത്രമേയുള്ളൂ. 3000 മുതല്‍ 5000 വരെ അടി ഉയരത്തിലുള്ള പാത. ചിലയിടങ്ങളില്‍ പാതയ്ക്ക് പകരം കരിമ്പാറക്കൂട്ടങ്ങളാണ്. ട്രിയുണ്ടിൽ എത്തുക എന്നത് എന്നെ സംബന്ധിച്ച് വളരെ സാഹസികത തന്നെയാണ്. നാട്ടുകാരേക്കാള്‍ കൂടുതൽ വിദേശികളാണ് ഇവിടം ട്രക്കിങില്‍ ആധിപത്യം. സ്വന്തമായി ടെന്റുകളുമായെത്തുന്നവരും, ധരംകോട്ടില്‍ നിന്ന് വാടകയ്ക്ക് എടുത്ത ടെന്റുകളുമായി എത്തുന്നവരുമുണ്ട് കൂട്ടത്തില്‍. ഞങ്ങൾ ഡൽഹിയിൽ നിന്നും രണ്ടുപേർക് വീതം കിടക്കാൻ കഴിയുന്ന രണ്ട് ടെന്റുകൾ വാങ്ങിച്ചിരുന്നു.

മുകളിൽ വെള്ളം കിട്ടാൻ ബുദ്ധിമുട്ടാണ്. നാലുപേരും ഓരോ വാട്ടർ ബോട്ടിൽ കരുതിയിരുന്നു. പോകുന്ന വഴിക്ക് ഒന്നു രണ്ടു   കച്ചവടക്കാരുണ്ട്.  ഒരു ലിറ്റർ വെള്ളം റീഫിൽ ചെയ്യാൻ 20 രൂപ കൊടുക്കണം. ബോട്ടിൽ വെള്ളവും അവിടെയുണ്ട്. ഒരു ലിറ്ററിന്റെ ബോട്ടിൽ വെള്ളത്തിനു 40 മുതൽ 50 രൂപ വരെയാണ് വില. ഉയരം കൂടുംതോറും വിലയും കൂടിക്കൂടിവരും. 

കാലുകൾ വേദനിക്കാൻ തുടങ്ങി. തുടക്കത്തിലെ അത്ര ആവേശം പിന്നീടങ്ങോട്ട് കിട്ടുന്നില്ല. വിശ്രമം അനിവാര്യമായി തോന്നിത്തുടങ്ങി. ദൂരക്കാഴ്ച നന്നായി കിട്ടുന്ന ഒരിടം കണ്ടപ്പോൾ അവിടെ വിശ്രമിക്കാമെന്നുറപ്പിച്ചു. അപ്പോഴാണ് രൂരെ നിന്നും ഒരു വലിയ കഴുതകൂട്ടം വരുന്നത് കാണുന്നത്. എല്ലാ കഴുതകളുടെയും ചുമടിൽ ഭാണ്ഡക്കെട്ടുകളാണ്.

അവയുടെ കൂടെ യജമാനന്മാരുമുണ്ട്. പാക്കേജിൽ വരുന്ന ആളുകളുടെ ബാഗുകളും അവർക്കുള്ള താമസ ഭക്ഷണ സാധനങ്ങളാണ് അവ ചുമന്ന് കൊടുണ്ടുപോകുന്നത്.

ട്രിയുണ്ട് ട്രെക്കിംഗ്

വിശ്രമം കഴിഞ്ഞ് ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി. കുറച്ചുകൂടെ മുന്നോട്ടെത്തിയപ്പോൾ ദൂരെ എവിടെനിന്നോ മനോഹരമായ പാട്ട് കേൾക്കുന്നു. ഏതാണ് ഭാഷ എന്നറിയില്ല. എന്തായാലും ഞങ്ങൾ ഇതുവരെ കേൾക്കാത്ത ഒരു ഭാഷയായിലാണ് ആ ഗാനം. മുന്നോട്ട് പോകുംതോറും ശബ്ദം കൂടിക്കൂടി വന്നു.  മാലാഖമാരെപ്പോലെ ഒരു കൂട്ടം വിദേശ വനിതകൾ ഗിരിനിരകൾ ഇറങ്ങിവരുന്നു. കൂടെ ശരീരം മുഴുവൻ കറുത്തജടയുള്ള ഒരു പട്ടിയും. ഞങ്ങളുടെ അടുത്തെത്തിയപ്പോൾ അവർ പാട്ടുനിർത്താതെതന്നെ പുഞ്ചിരിച്ചുകൊണ്ട് കൈകളുയർത്തി വീശിക്കാണിച്ചു. ഷെബി കയ്യിലുണ്ടായിരുന്ന ബിസ്കറ്റിന്റെ പാക്കിൽ നിന്നും ഒരെണ്ണമെടുത്ത് പട്ടിക്ക് കൊടുത്തു. അതും തിന്ന് അവൻ വീണ്ടും ഷെബിയെ നോക്കി. മാലാഖക്കൂട്ടം മെല്ലെ മെല്ലെ മലയിറങ്ങി താഴ്വരകളിലെവിടെയോ മറഞ്ഞു.

പട്ടി ഞങ്ങളുടെ കൂടെ കൂടി. 

ജീവിതത്തിൽ ആ സമയംവരെ ഭയത്തോടെയും വെറുപ്പോടെയും മാത്രമായിരുന്നു ഞാൻ ശ്വാനവർഗ്ഗത്തെ മുഴുവൻ കണ്ടിരുന്നത്. പക്ഷെ അന്നാദ്യമായ് അവിടെവെച്ച് ഒരു പട്ടി എന്റെ ഹൃദയം കീഴടക്കി. എന്റേതുമാത്രമല്ല,ഞങ്ങളുടെ നാലുപേരുടേയും സ്നേഹം പിടിച്ചുപറ്റാൻ അതിന്ന് അധികം സമയം വേണ്ടിവന്നില്ല.

ഞങ്ങളുടെ വരവും നോക്കി രാവെണ്ണിക്കാത്തിരുന്നൊരു ആത്മ സൗഹൃദ ത്തെ തോന്നിപ്പിക്കാൻ പലപ്പോഴും അതിന്ന് കഴിഞ്ഞിറ്റുണ്ട്. പിന്നീടങ്ങോട്ട് ഞങ്ങൾക്കുള്ള എളുപ്പവഴികൾ കാണിച്ചുതരാൻ അവൻ ഒരുപാട് സഹായിച്ചു.

ഇനി ഏതാണ്ട് ഒരു 100 മീറ്റർ കയറിയാൽ ട്രിയുണ്ട് കീഴടക്കാം. കാലുകൾ മാത്രമല്ല മനസിനും തളർച്ച വരാൻ തുടങ്ങി. കൈയെത്തും ദൂരത്തുതന്നെ  ലക്ഷ്യസ്ഥലം  പക്ഷെ നടക്കാൻ കഴിയുന്നില്ല. വഴികാട്ടിയായ് മുന്നിൽ നടന്ന പട്ടി ഞങ്ങളെയും കാത്ത് മുകളിൽ നിൽക്കുന്നു. ക്ഷീണവും തളർച്ചയും കാരണം ഇനി ഒരടിപോലും ഞങ്ങൾക്ക് നടക്കാൻ കഴിയുന്നില്ല. ഞങ്ങൾ അവിടെത്തന്നെ ഇരുന്നു. പെട്ടെന്ന് തന്നെ അവൻ താഴോട്ടിറങ്ങിവന്ന് ജാസിയുടെ അടുത്തിരുന്നു. ജാസി ബാഗിൽ നിന്നും ബിസ്ക്കറ്റെടുത്ത് പട്ടിക്ക് കൊടുത്തെങ്കിൽ അവനത് കഴിക്കാൻ കൂട്ടാക്കിയില്ല. പകരം എന്തൊക്കെയൊ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ട് ഞങ്ങളുടെ മുഖത്തേക്ക് നോക്കി വീണ്ടും മുകളിലേക്ക് നടക്കുകയും തിരിഞ്ഞ് നോക്കുകയും ചെയ്തപ്പോൾ ആ സ്ഥലം ഒഴിഞ്ഞ മുകളിലേക്ക് പോവേണ്ടതിന്റെ ആവശ്യകതയായിരിക്കാം അവൻ പറയുന്നതെന്ന് ഞങ്ങൾ ഊഹിച്ചു.

തണുപ്പിന്റെ സൂചിമുനകളാൽ കുത്തിനോവിച്ചുകൊണ്ട് ഒരു മഞ്ഞുകാറ്റ് ധൃതിയിൽ ഞങ്ങളെയും കടന്ന് താഴേക്ക് മലയിറങ്ങിപ്പോയി. അപ്പോൾ മഞ്ഞണിഞ്ഞ മലനിരകൾക്കിടയിലേക്ക് സൂര്യൻ അസ്തമയത്തിനുള്ള തിടുക്കം കൂട്ടുകയായിരുന്നു.

വീണ്ടും ഞങ്ങൾ കയറാൻ തുടങ്ങി.  മുകളിൽ നിന്നും നല്ല പ്രായമുള്ള ഒരു സായിപ്പ് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളോടായിരിക്കുമൊ, അതോ പിന്നിലെ മറ്റാരോടെങ്കിലുമൊ?

ഞങ്ങൾ പിറകോട്ടുനോക്കി, ആരുമില്ല!,

‘ഹേയ് യൂ ഗയ്സ്!! വെൽഡൻ! ദിസ് ഈസ് എ ഗ്രേറ്റ്‌ അച്ചീവ്മെന്റ് ഇൻ യുർ ലൈഫ്’  അയാൾ   ഉച്ചത്തിൽ ഞങ്ങളോട് വിളിച്ചുപറയുന്നു. അദ്ദേഹത്തിന്റെ ആ ഒരു അഭിനന്ദനത്തിൽ മനസ്സിനുമാത്രമല്ല കാലുകൾക്കും ഊർജം തന്നു. അദ്ദേഹത്തിന്റെതായ ആ ഒരു മനോഭാവം നമ്മുടെ നാട്ടുകാർക്കും ഉണ്ടായിരുന്നെങ്കിൽ ഒരുപാട് ഹുസൈൻ ബോൾറ്റുമാരും ലയണൽ മെസ്സിമാരും ഇവിടെ ഉണ്ടായേനെ എന്ന് ചിന്തിച്ചുപോയി!!.

ഒരു പകൽ മുഴുവൻ നീണ്ട ട്രക്കിങ്ങിനൊടുവിൽ കോടമഞ്ഞിൽ മൂടികിടക്കുന്ന ട്രിയുണ്ടിൽ എത്തി.

നേരം ഇരുട്ടാറായി. പടിഞ്ഞാറൻ താഴ്‌വരയിൽ സൂര്യൻ അസ്തമിക്കാനുള്ള മുന്നൊരുക്കത്തിലാണ്. കിഴിക്കൻ ഗിരിനിരകൾ മഞ്ഞുമൂടിയതിനാൽ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല. കടുത്ത തണുപ്പായതിനാൽ അവിടെയുള്ള സഞ്ചരികളൊക്കെതന്നെ അവരവരുടെ ടെന്റുകളുടെ ഉള്ളിലാണ്. നല്ല ഒരു സ്ഥലം നോക്കി അടുത്തടുത്തായി ഞങ്ങളും ടെന്റടിച്ചു.  വിശക്കുന്നുണ്ട്, ഭക്ഷണം കഴിക്കണം. സൗകര്യങ്ങള്‍ ട്രിയുണ്ടില്‍ കുറവാണ്. ഒന്നുരണ്ട് ചെറിയ ചായക്കടകള്‍ മാത്രം. ഒരു ഫോറസ്റ്റ് റെസ്റ്റ്ഹൗസുണ്ട്. ചായയ്ക്കും കാപ്പിക്കും ലഘുഭക്ഷണത്തിനും നല്ല വില കൊടുക്കേണ്ടിരും. ഞങ്ങൾ ബാഗുകൾ ടെന്റടിൽ വെച്ച് ഞങ്ങൾ ഒരു ഭക്ഷണത്തിനുവേണ്ടി ഇറങ്ങി. കല്ല് കൊണ്ടു കെട്ടി മണ്ണ് കൊണ്ടു മെയ്ത് പ്ളാസ്റ്റിക് കൊണ്ട് മൂടിയ ഒരു ചായക്കട. കഴിക്കാനായി ആകെ അന്ന് അവിടെ ഉണ്ടായിരുന്നത് നൂഡിൽസ് മാത്രം. ഞങ്ങൾ ഓരോ നൂഡിൽസിന് ആവശ്യപ്പെട്ടു.

ചെറുതായി കാറ്റു വീശാൻ തുടങ്ങി കോടമഞ്ഞു നീങ്ങിതുടങ്ങി. കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു പിന്നീടുള്ള കാഴ്ചകൾ. വെള്ള നിറത്തിൽ ഗിരിശൃംഗങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഇടക്ക് മേഘങ്ങൾ വന്ന് എന്തൊക്കെയോ കുശലം പറഞ്ഞു പോകുന്നു. വെള്ള നിറത്തിലായിരുന്ന ഗിരിനിരകൾ ചുവന്ന നിറമായി മാറുന്നു. മറുവശത്ത് സൂര്യൻ ദൗലാദർ താഴ്‌വരയിലൂടെ  അസ്തമുക്കുന്നു. ജീവിതത്തിൽ ഇന്നേവരെ കാണാത്ത കാഴ്ച. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തവിധതിലുള്ള രാത്രിയായിരുന്നു കടന്നുവന്നത്. നിറയെ വർണ്ണങ്ങൾ കൊണ്ട് ചിതറിയ നക്ഷത്രങ്ങൾളും അവരുടെ രാജാവായി ചന്ദ്രനുമുള്ള പ്രത്യേക വർണ്ണത്തിലുള്ള ആകാശം. അതിൽ മുട്ടിനിൽക്കുന്ന ഹിമാലയൻ ഗംഗ ഒരു നിഴൽപോലെ കാണാം. വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് സ്വപ്നമാണോ!. ഞങ്ങൾ നാലുപേരും അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കാൻ തുടങ്ങി. തണുപ്പിന്റെ കാഠിന്യം വർധിക്കാൻ തുടങ്ങി. ശരീരം മുഴുനീളം മരവിക്കുന്ന അവസ്ഥയായി. മെല്ലെ ടെന്റിലേക്കുനീങ്ങി. ടെൻ്റിൽ എന്റെ കൂടെ ആൽബിനായിരുന്നു. തണുപ്പ് പ്രതിരോധിക്കുന്ന ജാക്കറ്റ്, രണ്ടു ടീഷർട്ട്, രണ്ടു പാന്റ്, സോക്സ്‌, സ്ലീപ്പിങ് ബാഗ് എന്നിവ ഒക്കെ ഉപയോഗിച്ചിട്ടും തണുപ്പകറ്റാൻ കഴിയുന്നില്ല. മെല്ലെ മെല്ലെ ഉറക്കം മാടിവിളിച്ചു.

നേരം വെളുത്തു. മറ്റൊരു മനോഹരമായ കാഴ്ച. ദൗലാദർ മലനിരകളുടെ മുകളിലൂടെ സൂര്യൻ ഉദിച്ചുയരുന്നു. പച്ച പുതച്ച ട്രിയുണ്ടിൽ നിറയെ ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്നു. ചിലയിടത്ത് കുതിരകളുമുണ്ട്. ചിത്രകാരന്മാരുടെ ഭാവനകളിൽ നിന്നും ക്യാൻവാസ് വഴി മാത്രം ഞാൻ കാണാറുള്ള ആ കാഴ്ചകളൊക്കെ ഇതാ കണ്മുന്പിൽ. അത്രയേറെ സുന്ദരമാണ് ഇവിടം. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്റർനാഷൻ ക്രിക്കറ്റ് സ്റ്റേഡിയമായ ദർമശാല സ്റ്റേഡിയം താഴ്‌വര യുടെ ഒരു കോണിൽ മിന്നായം പോലെ കാണാം.

ട്രിയുണ്ട് ആസ്വദിച്ച് മതിയാവാതെ ഞങ്ങൾ മക്ലോഡ് ഗഞ്ചിലേക്ക് യാത്ര തിരിച്ചു. അടുത്ത ലക്ഷ്യം ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കജ്ജിയാർ ആയിരുന്നു. ഹിമാചൽ പ്രദേശിലെ മറ്റൊരു ജില്ലയായ ചമ്പയിലാണ് കജ്ജിയാർ സ്ഥിതിചെയ്യുന്നത്. ദർമശാലനിന്നും 138 കിലോമീറ്റർ ദൂരം. നേരിട്ട് ബസ് സർവീസ് ഇല്ല. ചമ്പയിലെ മറ്റൊരു അകർശനമായ ഡൽഹൌസിയിൽ പോയി അവിടെനിന്നും വേണം കജ്ജിയാറിലേക്ക് ബസ്സ് കയറാൻ. ഞങ്ങൾ ഡൽഹൌസിയിലേക്ക് ബസ്സ് കയറി. ഭാരതത്തിലെ ഹിൽ സ്റ്റേഷനുകളിൽ പ്രഥമസ്ഥാനമലങ്കരിക്കുന്ന ഒന്നാണ് ഡൽഹൌസി.  7000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്നേവരെ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചുരങ്ങളാണ്  ഡൽഹൌസിയിലേക്കുള്ള പാത. 1854 ൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറലായ ഡൽഹൌസി പ്രഭുവാണ് ഈ പട്ടണം സ്ഥാപിച്ചത്. തികച്ചും വൃത്തിയും വെടിപ്പുമുള്ള വിനോദസഞ്ചാര കേന്ദ്രമാണ് ഡൽഹൌസി. മുഴുവൻ സമയവും മൂടൽ മഞ്ഞിൽ ആവരണം ചെയ്യപ്പെട്തിരിക്കുന്നു. എങ്ങും ദേവദാരുവും പൈൻ മരങ്ങളും. ഡൽഹൌസിയിൽ നിന്ന് 23 കിലോമീറ്റർ ദൂരം മാത്രമെയുള്ളു ഖജ്ജിയാറിൽ എത്താൻ. ഞങ്ങൾ  ഡൽഹൌസിയിൽ എത്തുമ്പോഴേക്കും  കജ്ജിയാറിലേക്കുള്ള അവസാന ബസ്സും പോയികഴിഞ്ഞിരുന്നു. അന്ന് ഡൽഹൌസിയിൽ താമസിച്ചു. പിറ്റേദിവസം രാവിലെ ഞങ്ങൾ ഖജ്ജിയറിലേക്ക് പുറപ്പെട്ടു. മലഞ്ചെരുകളിലൂടെ മാത്രമുള്ള പാത. പോകുന്ന വഴിയിൽ ഒരു വീടുപോലും കാണാൻ സാധിച്ചില്ല. മുഴുവനായും പൈൻ ഫോറെസ്റ്റ്. ഇടക്ക് പൈൻ മരങ്ങളുടെ ഇടയിലൂടെ ദൂരെ മഞ്ഞുമലകൾ കാണുന്നുണ്ട്. അതിമനോഹരമായിരുന്നു വന്ന വഴിയും എത്തിപ്പെട്ട കജ്ജിയാറും. പൈൻ മരങ്ങളാൽ ചുറ്റപ്പെട്ട പച്ചപരവതാനി വിരിച്ചതുപോലെയുള്ള വലിയ ഭൂപ്രദേശം. അതിനു നടുവിലായി  ഒരു തടാകം. ശരിക്കും ഇതൊക്കെ നമ്മുടെ രാജ്യത്തുള്ളതാണോ എന്നലോജിച്ച് അത്ഭുതപ്പെട്ടുപോയി.

മനോഹരമായ ഒരു സ്വപ്‌നത്തിൽ നിന്നുണർന്ന പോലെ ആലസ്യത്തിലായിരുന്നു മനസ്സപ്പോൾ. ആശ്ചര്യപ്പെടുത്തുന്നതും മനോഹരങ്ങളുമായ കാഴ്ചകളും, ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സുന്ദരമായ അനുഭവങ്ങളും പകർന്നുതന്ന ട്രിയുണ്ടും, ഡൽഹൌസിയും കജ്ജിയാരുമൊക്കെ പിന്നിലുപേക്ഷിച്ച് പോരുമ്പോൾ മനസ്സിലെവിടെയോ ചെറിയൊരു വിങ്ങൽ മാത്രം ബാക്കിയായി.

Leave a Reply

Your email address will not be published. Required fields are marked *